ജൂണ്‍ മൂന്നിന് വോട്ടിങ് യന്ത്രം പരിശോധിക്കാം


തെരഞ്ഞെടുപ്പില്‍ തോറ്റതിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറ്റം പറഞ്ഞവര്‍ക്ക് ക്രമക്കേടുണ്ടോയെന്ന് നേരിട്ട് പരിശോധിക്കാം. വോട്ടിങ് യന്ത്രം പരിശോധിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ അനുമതി നല്‍കി. ആക്ഷേപമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സാങ്കേതിക വിദഗ്ധരുമായി ജൂണ്‍ മൂന്നിന് പരിശോധനയ്‌ക്കെത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നസീം സയിദി അറിയിച്ചു. അതേസമയം, പരാതിപ്പെട്ടവര്‍ ഇതുവരെ യാതൊരു തെളിവും നല്‍കാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നാല് വോട്ടിങ് യന്ത്രം വീതം പരിശോധനയ്ക്ക് ഉപയോഗിക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിയോജക മണ്ഡലങ്ങളില്‍ ഉപയോഗിച്ച യന്ത്രങ്ങളാണ് പരിശോധനയ്ക്കായി വിട്ടു നല്‍കുക. കൃത്രിമത്വം കണ്ടുപിടിച്ചാല്‍ കൃത്യമായ തെളിവുകളോടെ വേണം റിപ്പോര്‍ട്ട് ചെയ്യണ്ടത്.


പരിശോധനയ്ക്ക് എത്തുന്നവര്‍ മെയ് 26ന് അഞ്ചു മണിക്ക് മുന്‍പ് പേരുകള്‍ നല്‍കണം. മുന്‍കൂട്ടി പേരുകള്‍ നല്‍കുന്നവര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൂന്ന് പ്രതിനിധികളെ വീതം പങ്കെടുപ്പിക്കാം, സയിദി പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും വോട്ടിങ്ങിനെയും യന്ത്രത്തെയും കുറ്റപ്പെടുത്തി നിരവധി പരാതികള്‍ നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും അതാവര്‍ത്തിക്കുന്നു.

ഒരിക്കല്‍ പ്രോഗ്രാം ചെയ്താല്‍ യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാനാവില്ല, വൈഫൈ ചിപ്പുകള്‍ ഘടിപ്പിക്കാവുന്ന സംവിധാനമല്ല യന്ത്രത്തിനുള്ളത്. വോട്ടിങ് യന്ത്രത്തില്‍ വൈറസിനെ കടത്തിവിടാനാവില്ലെന്നും സെയിദി പറഞ്ഞു. 13 രാഷ്ട്രീയ പാര്‍ട്ടികളാണ് വോട്ടിങ് യന്ത്രത്തിനെതിരെ പരാതി ഉന്നയിച്ചത്.



Sharing is Caring