ജിഷയുടെ കുടുംബത്തിന് സിപിഐ എം വീടു നിര്‍മ്മിച്ചു നല്‍കും: കോടിയേരി


ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ എം മുന്‍കൈ എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും. കിടക്കാന്‍ കിടപ്പാടം പോലുമില്ലാത്ത കുടുംബമാണ് ജിഷയുടേത്. കുടുംബത്തിനായി എല്ലാ സഹായവും പാര്‍ട്ടി നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജിഷയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.


ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട് ആറുദിവസങ്ങള്‍ക്കിപ്പുറവും പ്രതികളെ നിയമത്തിനുമുന്നിലെത്തിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും കോടിയേരി പറഞ്ഞു. സ്ത്രീകള്‍ സ്വന്തം വീടിനുള്ളില്‍പോലും സുരക്ഷിതരല്ലെന്നത് കേരളത്തിന് അപമാനകരമാണ്. ജീവിക്കാനാവുന്നില്ല എന്ന് കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ല. പട്ടികജാതി സ്ത്രീ നല്‍കിയ പരാതിക്ക് നല്‍കേണ്ട പരിഗണന കിട്ടിയിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. ഗുരുതരമായ വീഴ്ചയാണ് പൊലീസിന് സംഭവിച്ചത്. യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.സമൂഹമനസാക്ഷിയെ ഉണര്‍ത്താന്‍ സ്ത്രീകള്‍ മാത്രമല്ല, കേരളമാകെ രംഗത്ത് വരണമെന്നും കോടിയേരി പറഞ്ഞു.




Sharing is Caring