ജിഎസ്ടിയുടെ പ്രഖ്യാപനം നാളെ; പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് ജെയ്റ്റ്ലി


ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ പ്രഖ്യാപനത്തിനായി ചേരുന്ന രാത്രികാല പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാളെ രാത്രിയാണ് ജിഎസ്ടിയുടെ പ്രഖ്യാപനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്.
സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജിഎസ്ടിയുടെ പ്രഖ്യാപനം നടത്തും. രാഷ്ട്രപതിയെ ഇരുത്തിക്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് രാഷ്ട്രപതി സ്ഥാനത്തിന്റെ വില കുറച്ച്‌ കാണിക്കുന്ന നടപടിയാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളത്തെ പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്കരിക്കും.
ഇടത് പാര്‍ട്ടികളും തൃണമുല്‍ കോണ്‍ഗ്രസും സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് അനുനയ നീക്കവുമായി ജെയ്റ്റ്ലി രംഗത്ത് വന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്‍മാറണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. തീരുമാനം പാര്‍ട്ടികള്‍ പുനപരിശോധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring