ഏകീകൃത ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്ലിന് രാജ്യസഭയുടെ അംഗീകാരം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബില്‍ പാസായത്.
കഴിഞ്ഞവര്‍ഷം മെയില്‍ ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയാണ് ബില്ല് രാജ്യസഭയില്‍ വച്ചത്. ഭരണഘടനാ ദേഗതിയുടെ തുടര്‍ച്ചയായി വരാനിരിക്കുന്ന ചരക്കുസേവന നികുതി ബില്ല് ധനബില്ലായി അവതരിപ്പിക്കണമെന്നും പരമാവധി നികുതി 18 ശതമാനമാക്കി നിശ്ചയിക്കണമെന്നുമുള്ള ഉപാധികളോടെയാണ് സുപ്രധാന ഭരണഘടനാ ഭേദഗതിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണച്ചത്.

ബില്ല് ഭരണഘടനാവിരുദ്ധവും ജി.എസ്.ടിയുടെ ഘടന തമിഴ്‌നാടിനു സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ചു അണ്ണാ ഡി.എം.കെ എതിര്‍ത്തു. ജി.എസ്.ടി സംവിധാനം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതിയാണ് രാജ്യസഭ പരിഗണിച്ചത്. നികുതി പരിധി, വരുമാനം പങ്കുവയ്ക്കലിന്റെ തോത് ഉള്‍പ്പരെടെയുള്ളവ പിന്നീട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലാവും വ്യക്തമാക്കുക.
ഇന്ന് ഉച്ചയ്ക്കു മുമ്പാണ് 122ാം ഭരണഘടനാ ഭേഗഗതി ബില്ലായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി രാജ്യസഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ കഴിഞ്ഞവര്‍ഷം മെയില്‍ പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ബില്ലിന്റെ പരിഷ്‌കരിച്ച രൂപത്തിലായിരുന്നു ഇന്ന് രാജ്യസഭ പരിഗണിച്ചത്. ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ വന്ന് 60 ദിവസത്തിനുള്ളില്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭയുടെ സെലക്ട് കമ്മിറ്റി, സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഉപസമിതി, പ്രതിപക്ഷകക്ഷികളുടെ നിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ബില്ല് പരിഷ്‌കരിച്ചത്.













