ന്യുഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ജസീക്കാ ലാല്‍ വധക്കേസില്‍ കുറ്റവാളി മനു ശര്‍മ്മയ്ക്ക് മാപ്പ് നല്‍കി ജസീക്കയുടെ സഹോദതി സബ്രീന ലാല്‍. അദ്ദേഹത്തിന് മാപ്പുനല്‍കുന്നതായും ജയില്‍ മോചനത്തെ എതിര്‍ക്കില്ലെന്നും സബ്രീന പറഞ്ഞു. വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 41കാരനായ മനു ശര്‍മ്മ എന്ന സിദ്ധാര്‍ത്ഥ് വസിഷ്ഠ 12 വര്‍ഷമായി ശിക്ഷ അനുഭവിച്ചു വരികയാണ്.
ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്കാണ് സബ്രീന ലാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. ശിക്ഷ അനുഭവിച്ച കാലമത്രയും സഹതടവുകാരെ സഹായിച്ചും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തും നല്ല ജീവിതം നയിച്ച മനു ശര്‍മ്മയുടെ ജീവിതം മാറിയതായി കരുതുന്നതായും സബ്രീന പറഞ്ഞു. ഇതിനകം 15 വര്‍ഷം ജയില്‍ വാസം അനുഭവിച്ചുകഴിഞ്ഞ എന്നതിനാല്‍ അദ്ദേഹത്തിന്റെ മോചനത്തിന് തനിക്ക് ഒരു എതിര്‍പ്പുമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിലില്‍ മര്യാദക്കാരനായ മനു ശര്‍മ്മയെ തുറന്ന ജയിലിലാണ് കഴിഞ്ഞ ആറുമാസമായി അധികൃതര്‍ പാര്‍പ്പിച്ചിരുന്നതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ അജയ് കശ്യപ് അറിയിച്ചു. അതേസമയം, സബ്രീന ലാല്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി എന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
1993ല്‍ ഡല്‍ഹിയിലെ ഒരു ബാറില്‍ നടന്ന സ്വകാര്യ ആഘോഷ പരിപാടിക്കിടെയാണ് മനു ശര്‍മ്മ ജസീക്കാ ലാലിനെ കൊലപ്പെടുത്തിയത്. ബാറിലെ മോഡല്‍ ആയിരുന്നു ജസീക്ക. രാത്രി വൈകി ബാറില്‍ എത്തിയ മനു ശര്‍മ്മയ്ക്ക് മദ്യം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു വെടിവച്ച് കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് മനതാവും മുന്‍മന്ത്രിയുമായ വിനോദ് ശര്‍മ്മയുടെ മകനായ മനു ശര്‍മ്മയെ വിചാരണ കോടതി വെറുതെ വിട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. 2006ല്‍ കേസ് വീണ്ടും പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയാണ് മനു ശര്‍മ്മയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ സുപ്രീം കോടതിയും പിന്നീട് ശരിവച്ചിരുന്നു.
ജയിലില്‍ മനു ശര്‍മ്മയ്ക്ക് ലഭിച്ച പ്രത്യേക പരിഗണന അക്കാലത്ത് എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. 2009 സെപതംബറില്‍ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും ബിസിനസ് ആവശ്യത്തിനുമായി കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരോള്‍ ചട്ടങ്ങള്‍ ലംഘിച്ച് നിശാക്ലബില്‍ സന്ദര്‍ശനം നടത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തു എന്നു കണ്ടതോടെ കോടതി പരോള്‍ റദ്ദാക്കി ജയിലില്‍ അടച്ചു. ഇളയ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 2011ലും ബിരുദാനന്തര ബിരുദ പരീക്ഷയില്‍ പങ്കെടുക്കാന്‍ 2013ലും മനു ശര്‍മ്മയ്ക്ക് പരോള്‍ ലഭിച്ചിരുന്നു.













