സംസ്ഥാനത്തെ ജയിലുകളിലെ അന്തരീക്ഷത്തിന് മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമാനുസൃതമായ ഇടപെടലുകള്‍ മാത്രമേ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തടവുകാര്‍ക്ക് ഉണ്ടാകാവൂയെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ വകുപ്പ് സംഘടിപ്പിച്ച ‘കറക്ഷണല്‍ അഡ്മ്നിസ്ട്രേഷന്റെ ഭാവി കേരളത്തില്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിസാര കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ടവര്‍ കൊടുംകുറ്റവാളികളായി പുറത്തിറങ്ങിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടലിലൂടെ മാത്രമേ കുറ്റവാളികളില്‍ മനഃപരിവര്‍ത്തനം നടത്താനാകൂ. മനുഷ്യാവകാശ സംരക്ഷണം ഈ സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്.

കുറ്റവാളികളായിപ്പോയി എന്നതു കൊണ്ട് ജയില്‍വാസികള്‍ക്ക് നേരെ എന്ത് പീഡനവും ഏല്‍പ്പിക്കാന്‍ പാടില്ല. ഒരിക്കല്‍ കുറ്റവാളിയായതിന്റെ പേരില്‍ ജീവിതാവസാനം വരെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന നയം പോലീസും ജനങ്ങളും തിരുത്താന്‍ തയ്യാറാകണം. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കര്‍ശന നടപടി തന്നെ സര്‍ക്കാര്‍ കൈക്കൊള്ളും. കുറ്റകൃത്യം ചെയ്യുന്നതിലെ സാമൂഹിക സാഹചര്യം ഇല്ലായ്മ ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒ.രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ജയില്‍ മേധാവി ആര്. ശ്രീലേഖ, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഹോര്‍മിസ് തരകന്, പോലീസ്കംപ്ലയിന്റ് അതോറിറ്റി അംഗം കെ.പി.സോമരാജന് തുടങ്ങിയവരും പങ്കെടുത്തു.













