തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുക. ജയലളിതക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും കൂട്ടുപ്രതികളായ ശശികല, ഇളവരശി, വളര്ത്തുമകന് സുധാകരന് എന്നിവരെ വിചാരണകോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്തംബര്‍ 27നായിരുന്നു തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച ഈ വിധി വന്നത്. ഇതേതുടര്‍ന്ന് ജയലളിതയുടെ നിയമസഭാംഗത്വം അയോഗ്യമാകുകയും മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിരന്തരമായ നിയമപോരാട്ടങ്ങള്ക്കൊടുരവില് ഒക്ടോബര്‍ 17ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.













