ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു. യന്ത്രത്തിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.
ഇന്നലെ തമിഴ്നാട് ഗവര്‍ണര്‍ അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലെത്തി ചികിത്സാ വിവരം തിരക്കിയിരുന്നു.
ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യം എത്തുമെന്നാണ് സൂചന. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയും പരിസരത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്.തമിഴ്നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ രാത്രിയോടെ ഹൈദ്രാബാദില്‍ നിന്നും 12 കമ്പനി കേന്ദ്രസേനയെ തമിഴ്നാട്ടിലെത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണമാക്കാനായി ഇവരെ തമിഴാനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.














