തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടില്ല. ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍ ജയലളിതയെ ചികിത്സിക്കാന്‍ എത്തി. അവര്‍ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും ഒടുവിലെ വിവരം. ജയലളിതക്ക് അണുബാധക്കുള്ള ചികിത്സ തുടരുന്നതായും ശ്വസന സഹായി നല്കിയിട്ടുള്ളതായും ഒരു ദിവസം മുന്‍പുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറലാകും വിവരങ്ങള്‍ കൈമാറുക.