മുന്‍മന്ത്രി ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ്. ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്. ജയരാജനെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാവില്ലെന്നും നിമയമോപദേശത്തില് വ്യക്തമാക്കുന്നു.
കേസ് തുടരാനാവില്ലെന്ന് വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന് സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല . ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി അത് പിന്‍വലിച്ചെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
ഇ.പി ജയരാജന് മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. ബന്ധുനിയമനവിവാദത്തെ തുടര്‍ന്ന് വ്യവസായമന്ത്രിസ്ഥാനം ഇപി ജയരാജന് രാജിവെച്ചിരുന്നു.
ഡിജിപി ജേക്കബ് തോമസാണ് തന്നെ ബന്ധുനിയമന കേസില്‍ കുടുക്കിയതെന്ന് ജയരാജന് ആരോപിച്ചു. മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നില്ലെന്നയിരുന്നു ജയരാജന്റെ പ്രതികരണം. ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലന്‍സ് ഇപ്പോള്‍ പിന്‍വലിച്ചതെന്നും ജയരാജന് വ്യക്തമാക്കി.













