ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂര്‍ബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ദൂരു ഷഹബാദില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈനികനും തീവ്രവാദികയും കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിനിടെ പിടികൂടിയ ലഷ്കറെ ത്വയിബയുടെ ഉന്നത നേതാവ് നവീത് ജാട്ട് എന്ന ഹന്‍സ്ല രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മുമ്പ് ശ്രീനഗറിലെ ജയിലില്‍ നിന്ന് ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ രണ്ട് പൊലീസുകാരെ വെടിവെച്ചു വീഴ്ത്തി രക്ഷപ്പെട്ടതും ഇയാളായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ അനന്തനാഗ്, ശ്രീനഗര്‍, ബുദ്ഗാം ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.














