ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് പിഡിപി- എന്‍സി പാര്‍ട്ടികള്‍ കോടതിയെ സമീപിക്കും. മെഹബൂബ മുഫ്തിയും സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയായിരുന്നു. ഇതോടെ ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണംനിലവില്‍ വരും. നിയമസഭ പിരിച്ചുവിട്ടതിനാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത നടപടിയാണ് ഗവര്‍ണര്‍ കൈകൊണ്ടതെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. ബി.ജെ.പിയുടെ ഏകാധിപത്യമാണ് നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമുന്നയിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ട്വിറ്ററില്‍ കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെയാണ് നിയമസഭ പിരിച്ചുവിട്ടത്. ജമ്മുകശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇതിനിടെ രംഗത്തു വന്നിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് സജാദ് ലോണിന്‍റെ നീക്കം.













