ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് സൈന്യത്തിന്റെ പ്രകോപനം. ഒരു ജവാന് വെടിയേറ്റു. പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അപ്രതീക്ഷിത നീക്കം.അഖ്നൂർ മേഖലയിൽ ഇന്ന് പുലർച്ചെ 2.30 ഓടെ ഉണ്ടായ വെടിവെയ്പ്പിലാണ് ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റത്. പ്രകോപനമില്ലാതെയാണ് പാകിസ്ഥാൻ സൈന്യം വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു. തുടർന്ന് ബിഎസ്എഫ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 2021ൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ പുതുക്കിയ ശേഷം അതിർത്തിയിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങളിൽ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഒരേയൊരു ബിഎസ്എഫ് ജവാന് മാത്രമാണ് ജീവൻ നഷ്ടമായത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീർ അതിർത്തിയിൽ സൈന്യം വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.

ബൂത്തുകളുടെയും സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും സുരക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനായി കേന്ദ്ര സായുധ അർദ്ധസൈനിക വിഭാഗത്തിന്റെ 300 കമ്പനികളെ അധികമായി വിന്യസിച്ചിട്ടുണ്ട്.10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1ന് മൂന്നാം ഘട്ടവും നടക്കും. അതേസമയം ഒക്ടോബർ 8നാണ് വോട്ടെണ്ണൽ.
അതേസമയം ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ രജൌരി ജില്ലയിലെ നൗഷേരയിൽ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം സുരക്ഷാ സേന തകർത്തിരുന്നു. രണ്ട് ഭീകരരെ വധിക്കുകയും എകെ- 47, പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നിയന്ത്രണ രേഖയിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്. രഹസ്യാന്വേഷണ ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്റെയും സഹായത്തോടെയായിരുന്നു ഓപ്പറേഷൻ.
ഇതേ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും ഏറ്റുമുട്ടൽ നടന്നിരുന്നു. അതേസമയം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള നുഴഞ്ഞുകയറ്റ നീക്കങ്ങളെ അതീവ ജാഗ്രതയോടെ നേരിടുകയണ് സൈന്യം.













