ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, ഒരു സൈനികന് വീരമൃത്യു; നാല് ഭീകരരെ വധിച്ചതായി സൂചന


ജമ്മു കശ്മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികോദ്യോ​ഗസ്ഥന് വീരമൃത്യു. ക്യാപ്റ്റൻ റാങ്കിലുള്ള സൈനികനാണ് വീരമൃത്യു വരിച്ചത്. നാല് ഭീകരവാദികളെ സൈന്യം വധിച്ചതായാണ് വിവരം. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്ന് രക്തത്തിൽ കുതിർന്ന ബാ​ഗുകളും എം4 കാർബെെൻ തോക്കുകളും കണ്ടെടുത്തു.


കശ്മീരിലെ ദോഡയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. വനപ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇവിടെ സൈന്യം തിരച്ചിലാരംഭിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.


ജമ്മുകശ്മീരിൽ ദിവസങ്ങളായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഓ​ഗസ്റ്റ് 10ന് അനന്തനാ​ഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായാണ് അന്ന് തിരച്ചിൽ നടത്തിയത്.



Sharing is Caring