ജമ്മു-കശ്മീരില്‍ രണ്ട് സ്കീയര്‍മാര്‍ കൊല്ലപ്പെട്ടതോടെ ജാഗ്രത നിര്‍ദേശം


ജമ്മു-കശ്മീരില്‍ രണ്ട് പോളിഷ് സ്കീയര്‍മാര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ച്‌ അധികൃതര്‍.അടുത്ത 24 മണിക്കൂറിനുള്ളില്‍ ബാരാമുല്ല, ഗന്ദര്‍ബാല്‍, കുപ്‌വാര, ബന്ദിപ്പോര എന്നിവിടങ്ങളില്‍ 2,400 മീറ്റര്‍ ഉയരത്തില്‍ ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.


പോളണ്ട് സ്വദേശികളായ രണ്ട് സ്കീയര്‍മാരാണ് കഴിഞ്ഞ ദിവസം ഹിമപാതത്തില്‍ മരിച്ചത്. ഉച്ചക്ക് 12.30ഓടെ മഞ്ഞുവീഴ്ച അനുഭവപ്പെടുമ്ബോള്‍ ഹപത്ഖുദ് കാങ്‌ഡോറിയിലെ സ്‌കീ ചരിവുകളില്‍ 21 വിദേശ പൗരന്മാരും രണ്ട് പ്രാദേശിക ഗൈഡുകളുമടങ്ങുന്ന മൂന്ന് സംഘങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

എല്ലാ ശൈത്യകാലത്തും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന പ്രശസ്തമായ അഫര്‍വത്ത് സ്കീ ചരിവുകളില്‍ കുടുങ്ങിയ 19 പേരെ ബാരാമുല്ല ജില്ല പൊലീസ് ടീമുകള്‍ രക്ഷപ്പെടുത്തി. ഇവരെ ഗുല്‍മാര്‍ഗിനടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.



Sharing is Caring