ജന്‍ഔഷധി മരുന്നുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍


ജനറിക് മരുന്നുകള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ജന്‍ഔഷധി മരുന്നുശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ യഥാസമയം മരുന്നുകള്‍ ലഭ്യമാക്കാത്തതിനാല്‍ സംസ്ഥാനത്തെ പല ജന്‍ഔഷധി ശാലകളും മരുന്നിനുപോലും വകയില്ലാതെ കഷ്ടപ്പെടുകയാണ്. മരുന്നുക്ഷാമം രൂക്ഷമാക്കി ജന്‍ഔഷധി ശാലകള്‍ പൂട്ടിക്കാനാണ് സ്വകാര്യലോബികളുടെ നീക്കം.
സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ജന്‍ഔഷധി മരുന്നുശാലകളില്‍ മരുന്നു വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. എന്നാല്‍ സമയത്തോ അവശ്യ അളവിലോ മരുന്നുകള്‍ ശാലകളില്‍ എത്തിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഓര്‍ഡര്‍ നല്‍കുന്ന മരുന്നുകളുടെ അളവിന്റെ പത്തിലൊന്നുപോലും ലഭിക്കാറില്ല. ആദ്യഘട്ടങ്ങളില്‍ ലഭിച്ചിരുന്ന മരുന്നുകള്‍ പിന്നീട് ഓര്‍ഡര്‍ ചെയ്താല്‍ കിട്ടുന്നുമില്ല. ഇങ്ങനെ മരുന്നുക്ഷാമം രൂക്ഷമാണ് പല ജന്‍ഔഷധിശാലകളിലും.
80 ശതമാനം വരെ വിലക്കുറവില്‍ മരുന്നു വില്‍ക്കുന്ന ജന്‍ഔഷധി ശാലയെന്ന ആശയം കൊണ്ടുവരുന്നത് യു.പി.എ സര്‍ക്കാരാണെങ്കിലും പിന്നീട് വന്ന മോദി സര്‍ക്കാര്‍ അത് ഏറ്റെടുക്കുകയായിരുന്നു. 757 ഓളം ജനറിക് മരുന്നുകള്‍ നാമമാത്രമായ വിലയ്ക്ക് ലഭ്യമാക്കാനാണ് ജന്‍ഔഷധി ലക്ഷ്യമിട്ടത്. എന്നാലിന്ന് 80ഓളം ഇനം മരുന്നുകള്‍ മാത്രമാണ് ഇവിടെ ലഭ്യമാകുന്നത്. മരുന്നുക്ഷാമത്തിന് പിന്നില്‍ സ്വകാര്യലോബികളാണെന്നാണ് ജന്‍ഔഷധിശാലകള്‍ നടത്തുന്നവര്‍ പറയുന്നത്.
മുപ്പതുലക്ഷത്തോളം മുതല്‍ മുടക്കിയാണ് പലരും ജന്‍ഔഷധിശാലകളുടെ ഫ്രാഞ്ചൈസി എടുത്തിട്ടുള്ളത്. ഒരുലക്ഷത്തോളം രൂപയാണ് ശരാശരി മാസ വില്‍പന. ഷോപ്പ് നടത്തിക്കൊണ്ടുപോകണമെങ്കില്‍ മാസം ശരാശരി 30,000 രൂപയോളം ചെലവുണ്ട്. എന്നാല്‍ ഇതിന്റെ പകുതി പോലും വരുമാനമുണ്ടാകാറില്ല. കേന്ദ്രം മരുന്നു വിതരണം ചെയ്യാത്തതിനാല്‍ വില്‍പന നാമമാത്രമായി ചുരുങ്ങിയതാണ് നഷ്ടത്തിന് കാരണം.ജന്‍ഔഷധിയിലെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നതും ഈ മരുന്നുശാലകള്‍ക്ക് തിരിച്ചടിയാകുന്നു. ബഹുരാഷ്ട്രാ കമ്പനികളെ സഹായിക്കാനാണ് ഈ വ്യാജപ്രചരണങ്ങള്‍. മാത്രമല്ല സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ജനറിക് മരുന്നുകള്‍ കുറിക്കാതെ ബ്രാന്‍ഡഡ് മരുന്നുകള്‍ മാത്രം കുറിയ്ക്കുന്ന ഈ ഡോക്ടര്‍മാരും ഈ സര്‍ക്കാര്‍ സംരഭത്തെ തകര്‍ക്കുകയാണ്.
കേരളത്തില്‍ ഒരു വര്‍ഷം 10,000 കോടിക്ക് മുകളിലാണ് മരുന്ന് കച്ചവടം നടക്കുന്നത്. എന്നാല്‍ ഗുണനിലവാരം ഉറപ്പാക്കിയ ജനറിക് മരുന്നുകള്‍ വ്യാപകമായാല്‍ ഈ കച്ചവടം 6000 കോടിയിലേക്ക് കൂപ്പുകുത്തും. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ബിസിനസിനെ തന്നെയാണ് ഇത് ബാധിക്കുന്നത്. മരുന്ന് കമ്പനികള്‍ വഴി നേട്ടമുണ്ടാക്കുന്നവരുടെ വരുമാനവും കുറയും. അത് തന്നെയാണ് ജനറിക് മരുന്നുകളോട് ഡോക്ടര്‍മാര്‍ അടുക്കാത്തതിന്റെ മുഖ്യകാരണവും.
നിരക്ക് വളരെ കുറവായതിനാല്‍ ആദ്യമൊക്കെ ജന്‍ഔഷധിശാലകളില്‍ വലിയ തിരക്കായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ മരുന്നുവാങ്ങാന്‍ എത്താറുണ്ട്. മരുന്നുകളുടെ സ്‌റ്റോക്കുകുറഞ്ഞതോടെ ആവശ്യക്കാരും കുറഞ്ഞു. പല ഷോപ്പുകളും അടച്ചുപൂട്ടിത്തുടങ്ങി. താമസിയാതെ ജന്‍ഔഷധി മരുന്നുശാലകള്‍ പൂര്‍ണമായും ഇല്ലാതാവും.




Sharing is Caring