തൃപ്പുണിത്തുറ: പ്രസിദ്ധമായ ചോറ്റാനിക്കര മകം തിരുവുത്സവത്തിനു ഇന്നലെ കൊടി കയറി. വൈകിട്ട് അഞ്ചിന് കിഴക്കേച്ചിറയില്‍ ആറാട്ടു കഴിഞ്ഞ് രാത്രി 8 ന് പുലിയന്നൂര്‍ മുരളിനാരായണന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടി കയറിയത്.
രാവിലെ വിശേഷാല്‍ പൂജകള്‍, ശുദ്ധികലശം, എന്നിവക്ക് ശേഷം 5 .30 ന് ദേവി ശാസ്താ സമേതയായി കിഴക്കേ ചിറയില്‍ ആറാട്ടിന് ശേഷം പഞ്ചവാദ്യത്തോടെയും നിരവധി താലങ്ങളുടെയും അകമ്ബടിയോടെ തിരിച്ചെഴുന്നള്ളി. കൊടിമരച്ചുവട്ടില്‍ മേല്‍ശാന്തി എതിരേറ്റ് അയ്മ്ബറ നിറച്ചതിനു ശേഷം ഭക്തജനങ്ങളുടെ പറയും നടത്തി. തുടര്‍ന്ന് പുണ്യാഹം കൊടിപൂജ, എന്നിവക്ക് ശേഷമാണ് ക്ഷേത്രം തന്ത്രി സ്വര്‍ണ്ണക്കൊടിമരത്തില്‍ കൊടിയേറ്റിയത്. പറ നിറയ്ക്കുന്നതിനും ദര്‍ശനത്തിനും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു.

ഇന്ന് രാവിലെ തെക്കേ ചിറയില്‍ ആറാട്ടിന് ശേഷം എടാട്ടുമഠത്തിലും, പങ്ങാരപ്പിള്ളി ഭഗവതി മഠത്തിലും ഇറക്കി പൂജ നടക്കും. അഞ്ചാം ദിവസമായ ഫെബ്രുവരി 27 ന് ഉത്സവ ബലിയും, മാര്‍ച്ച് ഒന്നിന് വിശ്വപ്രസിദ്ധമായ മകം തൊഴലും നടക്കും. മകംതൊഴല്‍ മാര്‍ച്ച് 1 ന് ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 8 .30 വരെ നടക്കും.
അന്ന് ക്ഷേത്രത്തില്‍ പുഷ്പാലങ്കാരവും കൂടാതെ ദേവിക്ക് വിശേഷാല്‍ തങ്കഗോളകയും പൗരാണികമായ ആടയാഭരങ്ങളും ചാര്‍ത്തും. പ്രത്യേക ക്യു സംവിധാനങ്ങള്‍ ഉണ്ടാകും. 27 ന് അഞ്ചാം ദിവസം കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആറാട്ടിന് ശേഷം ഉച്ചക്ക് രണ്ടു മണിയോടുകൂടി ഉത്സവബലി ദര്‍ശനം നടക്കും.
24 ന് തെക്കേ ചിറയിലും 25 ന് പള്ളിപ്പുറത്തു മനക്കലും 26 ന് തിരുവാംകുളം ശിവക്ഷേത്രത്തിലും 27 ന് കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും 28 ന് കിഴക്കേ ചിറയിലും മാര്‍ച്ച് ഒന്നിന് ഓണക്കുറ്റി ചിറയിലും രണ്ടിന് കിഴക്കേ ചിറയിലും ഉത്രം ആറാട്ടു ദിവസമായ മൂന്നിന് മുരിയമംഗലം ശ്രീനരസിംഹ സ്വാമി ക്ഷേത്ര കുളത്തിലും ആറാട്ടും ഇറക്കി പൂജയും പറയെടുപ്പും നടക്കും.
ഉത്സവ ദിനങ്ങളില്‍ ഭജനം വിവാഹം ചോറൂണ് അന്നദാനം തുടങ്ങിയ വഴിപാടുകളും, കീഴ്ക്കാവില്‍ വലിയ ഗുരുതിയും ഉണ്ടാകില്ല. അഞ്ചു വയസ്സിനു താഴെ ഉള്ള കുട്ടികളെ നാലമ്ബലത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ലെന്നും, മകം ദിവസം ചുക്കുവെള്ളം, സംഭാരം, ലഘുഭക്ഷണം, എന്നിവ ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതാണെന്നും ഉത്രം ദിവസം വലിയ കീഴ്ക്കാവില്‍ ക്ഷേത്രത്തില്‍ വൈകിട്ട് ആറ് മുതല്‍ അടുത്ത ദിവസം ആറ് വരെ ഉണ്ടാകില്ലെന്നും, ആറാട്ടു നടക്കുന്ന നിശ്ചിത സ്ഥലങ്ങളിലും ഇറക്കി പൂജ ഉള്ളയിടങ്ങളിലും ഭക്തജനങ്ങള്‍ക്ക് പറ നിറയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുമെന്നും ചോറ്റാനിക്കര ദേവസ്വം അസ്സി.കമ്മിഷണര്‍ എം.എസ്.സജയ് അറിയിച്ചു













