അനധികൃത സ്വത്തുസന്പാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തെക്കുറിച്ച് രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടി ഡിഐജി ഡി. രൂപ സമര്‍പ്പിച്ചു. ശശികലയുടെ ആവശ്യത്തിനായി അവരെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ളുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണ്. മാത്രമല്ള, ഇവയിലേക്കു മറ്റുള്ളവര്‍ക്കു പ്രവേശനമില്ള. പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിരവധി സൌകര്യങ്ങള്‍ക്കൊപ്പം പ്രത്യേക കിടക്കയുള്‍പ്പെടെയുള്ളവയും ശശികലയ്ക്കു ജയിലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ രൂപ ചൂണ്ടിക്കാട്ടുന്നു.
ജയിലില്‍ ശശികലയ്ക്കു പ്രത്യേക മുറി നല്‍കിയിരിക്കുന്നതായും അവര്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ളാതെ സന്ദര്‍ശകരോടു സംസാരിക്കുന്നതായും രൂപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കായി രണ്ടുകോടി രൂപ കൈക്കൂലി നല്‍കിയതായും രൂപ ആരോപിച്ചിരുന്നു. ശശികലയ്ക്കു നല്‍കിയ പ്രത്യേക സൌകര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ പിന്നീടു വ്യക്തമാക്കി. രൂപയുടെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കമാണു കര്‍ണാടകയില്‍ സൃഷ്ടിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജയില്‍ ഡിജിപി എച്ച്.എന്‍. സത്യനാരായണ റാവു അങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചിട്ടേയില്ളെന്നാണ് അറിയിച്ചത്. റാവു ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയാണ് ശശികലയ്ക്ക് ആഡംബര സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതെന്നാണ് രൂപയുടെ ആരോപണം.

എന്നാല്‍, സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച അവരെ ഗതാഗത വകുപ്പിലേക്കു സ്ഥലംമാറ്റുകയും ചെയ്തു.













