നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ദിലീപിനെ വിശുദ്ധനാക്കാന്‍ ക്വൊട്ടേഷന്‍ പണി ഏറ്റെടുത്ത ഏജന്‍സികളും പണച്ചാക്കുകളും മാധ്യമപ്രവര്‍ത്തകരുടെ നേരെ വന്നാല്‍ അതിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് പിഎ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമ ജാഗ്രത കണ്ണുതുറന്നിരുന്നത് കൊണ്ടു കൂടിയാണ് നമ്മുടെ ഇടയിലെ സഹോദരിയായ ഒരു കലാകാരി നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ സമൂഹമനസാക്ഷിയേയും നേതാക്കളേയും ഭരണകര്‍ത്താക്കളേയും ഉണര്‍ത്തി നിര്‍ത്തുകയും ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാവുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് സ്വന്തം ദേഹത്തെ ചെളി ഇല്ലാതാക്കാമെന്ന് ആരെങ്കിലും സ്വപ്നം കാണുന്നുവെങ്കില്‍ അത് വൃഥാവിലാകുകയേ ഉള്ളൂവെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിക്കപ്പെടുന്നതില്‍ അസഹിഷ്ണുതയില്ല. എന്നാല്‍ വിമര്‍ശിക്കുന്നവരുടെ യോഗ്യത കൂടി പരിശോധിക്കപ്പെടണം. ഏത് വിശുദ്ധന് വേണ്ടിയാണ് ഇവരീ ക്വൊട്ടേഷന്‍ ജോലി ചെയ്യുന്നതെന്നും നോക്കണം. സ്വന്തം സഹപ്രവര്‍ത്തകയായ നടിയെ മാപ്പില്ലാത്ത ക്രൂരതയ്ക്കിരയാക്കിയെന്ന് ആരോപിക്കപ്പെടുന്ന താരത്തിനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഭാവനാ സൃഷ്ടിയാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.













