ചാലക്കുടി രാജീവ് വധക്കേസ്: സിപി ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും


ചാലക്കുടി രാജീവ് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ വച്ചാണ് രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.
അറസ്റ്റു ചെയ്ത് ചാലക്കുടി ഡിവൈഎസ്പി ഓഫിലെത്തിച്ച ഉദയഭാനുവിനെ രാത്രി വൈകിയും ചോദ്യംചെയ്തു. തിങ്കളാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഉദയഭാനു ഒളിവിലായിരുന്നു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തതോടെ ഉദയഭാനുവിന്റെ അറസ്റ്റിലേക്കു വഴിവെക്കുകയായിരുന്നു.
ഭൂമിയിടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി രേഖകള്‍ ഒപ്പുവയ്പ്പിക്കാനുള്ള ശ്രമമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ മറ്റ് ആറു പ്രതികളും റിമാന്‍ഡിലാണ്.




Sharing is Caring