ചാന്ദ്രയാന്‍ ദൗത്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി


ബംഗലുരു: തിരിച്ചടിയില്‍ തളരരുത് വീണ്ടും പരിശ്രമം തുടരണമെന്നും മികച്ച അവസരങ്ങള്‍ വരാനിരിക്കുകയാണെന്നും ചാന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി. ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണെന്നും ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും അവര്‍ പിന്നോട്ട് പോകരുതെന്നും ചാന്ദ്രയാന്‍ ദൗത്യത്തില്‍ തിരിച്ചടി നേടിയതിന്റെ പശ്ചാത്തലത്തില്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു പറഞ്ഞു.


അതേസമയം പദ്ധതിയില്‍ തിരിച്ചടി കിട്ടി എന്ന സൂചന നല്‍കാനും പ്രധാനമന്ത്രി മറന്നില്ല. രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് അദ്ദേഹം ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു. ചാന്ദ്രിയാന്‍ അനിശ്ചിതത്വം താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നും പുതിയ ലക്ഷ്യങ്ങള്‍ മുന്നിലുണ്ടെന്നും പറഞ്ഞു. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് കാണാന്‍ പ്രധാനമന്ത്രി ഐഎസ്‌ആര്‍ഒ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2.1 കിലോമീറ്റര്‍ അകലെ വെച്ച്‌ സിഗ്നല്‍ നഷ്ടമാകുകയായിരുന്നു. രാജ്യത്തിന്റെ പിന്തുണ ഉറപ്പാക്കി ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.


രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ട്. ലക്ഷ്യത്തിന് തൊട്ടടുത്ത് വരെ നമ്മള്‍ എത്തിയതാണ് ചാന്ദ്രയാന്‍ ദൗത്യത്തില്‍ തളരരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് നിങ്ങള്‍ കടന്നുപോയ മാനസീകാവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങളുടെ കണ്ണുകള്‍ അത് പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ അഭിമാനത്തിനായി ജീവിക്കുന്നവരാണ് നിങ്ങള്‍. രാജ്യം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.

നമ്മുടെ ബഹിരാകാശ പരിപാടികളില്‍ രാജ്യം അഭിമാനിക്കുന്നു. ചന്ദ്രനെ തൊടാനുള്ള നമ്മുടെ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ചന്ദ്രയാനില്‍ പുതിയ ഇഛാശക്തി കാണിക്കണം. ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ അഭിമാനവും അസാധാരണ മികവും ഉള്ളവരാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി അസാധാരണമായ സംഭാവനയാണ് നിങ്ങള്‍ നല്‍കിയത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കാനുള്ള ചവിട്ടുപടിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring