ചാംപ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തകര്‍ത്ത് പാകിസ്താന്‍ ആദ്യമായി ഫൈനലില്‍


ഇതാദ്യമായി പാകിസ്താന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നു. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തളച്ചാണ് പാകിസ്താന്റെ മുന്നേറ്റം.


നാളെ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് സെമിയിലെ വിജയിയായിരിക്കും ഫൈനലില്‍ പാകിസ്താനുമായി ഏറ്റുമുട്ടുക. ഇതോടെ വീണ്ടുമൊരു ഏഷ്യന്‍ ഫൈനലിന് കളമൊരുങ്ങി.


ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 49.5 ഓവറില്‍ 211 റണ്‍സില്‍ ഒതുക്കിയ പാകിസ്താന്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 37.1 ഓവറില്‍ 215 റണ്‍സെടുത്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

തുടക്കത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചെങ്കിലും ആര്‍ക്കും ഏറെ നേരം ക്രീസില്‍ ചെലവഴിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞില്ല. 211 റണ്‍സില്‍ ഇംഗ്ലണ്ട് കൂപ്പുകുത്തുകയായിരുന്നു.

പാകിസ്താന് വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജുനൈദ് ഖാന്‍, ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റുമ്മന്‍ റയീസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഷദബ് ഖാന്‍ ഒരു വിക്കറ്റും പിഴുതു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഹസന്‍ അലിയാണ് കളിയിലെ താരമായത്.



Sharing is Caring