മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന രണ്ട് സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു. പ്രതികളുടെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ദൃശ്യങ്ങള്‍ യു.എസിലെ ലാബിലേക്ക് അയച്ചത്. ഐ.ജി ബികെ സിങിന്റെ മേല്‍നോട്ടത്തിലുള്ള 21 അംഗ പ്രത്യേക അന്വേഷണ സംഘമാണ് ( എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്.
ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍. ഇതിന്റെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമായിരുന്നു. ഇതേതുടര്‍ന്നാണ് ദൃശ്യങ്ങല്‍ യു.എസിലേക്ക് അയക്കാന്‍ തീരുമാനിച്ചത്.

സെപ്തംബര്‍ അഞ്ച് ചൊവ്വാഴ്ചയാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടില്‍ വച്ച് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ പോര്‍ച്ചില്‍ ഗൗരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ദേഹത്ത് തുളഞ്ഞു കയറി ഒരെണ്ണം നെറ്റിയില്‍ തറച്ചു. ഫാസിസത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി.













