കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും, കോഴിക്കോട് കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. കേസില്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റാഗിംഗ് പോലുള്ള വിപത്തില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് നിയമപരമായി ബാധ്യത ഉണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം കോഴിക്കോട് എത്തി. റാഗിംഗിന് ഇരയായ എടപ്പാള്‍ സ്വദേശി അശ്വതിയുടെ മൊഴി സംഘം നാളെ രേഖപ്പെടുത്തും. ഇതിനിടെ, പെണ്‍കുട്ടിയുടെ തുടര്‍പഠനം കേരളത്തില്‍ നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
മെയ് ഒന്‍പതിനായിരുന്നു അല്‍ ഖമാര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കിയത്. ക്ലീനിംഗ് ലോഷനായ ഫിനോയില്‍ കുടിപ്പിച്ച് ഗുരുതരാവസ്ഥയിലായ അശ്വതി നാല് ദിവസമാണ് ഗുല്‍ബര്‍ഗയിലെ ആശുപത്രിയില്‍ ഐസിയുവില്‍ കഴിഞ്ഞത്. കോട്ടയം, കൊല്ലം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അശ്വതിയെ റാഗ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.














