ഗുണ്ടാ പരാമര്‍ശം: കോണ്‍ഗ്രസ് അധ്യക്ഷ മാപ്പു പറയണമെന്ന് നിര്‍മല സീതാരാമന്‍


കരസേന മേധാവിയ്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്.


ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമുള്ള പ്രസ്താവനകള്‍ക്കെതിരെ സോണിയാഗാന്ധി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രി ഉന്നയിച്ച ആവശ്യം. ഇന്ത്യന്‍ സൈന്യത്തിന്‍റെ ആത്മവിശ്വാസത്തെ ക്ഷയിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചു.


ഇത്തരത്തിലുള്ള വാക്കുകള്‍ കൊണ്ട് അവര്‍ സ്വന്തം സൈന്യത്തെ നാണം കെടുത്തുകയും ആത്മവീര്യം കെടുത്തുകയുമാണെന്നും, ഈ വാക്കുകള്‍ തന്നെയും പാര്‍ട്ടിയെയും ഞെട്ടിച്ചു കളഞ്ഞുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കഴിഞ്ഞ 60 വര്‍ഷമായി നമ്മെ ഭരിച്ച പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാമര്‍ശം പുറത്തുവന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.



Sharing is Caring