ഗുജറാത്ത് ലയണ്‍സിന് വീണ്ടും തോല്‍വി


ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഗുജറാത്ത് ലയണ്‍സിന് വീണ്ടും തോല്‍വി. ദല്‍ഹി ഡെയര്‍ഡെവിള്‍സിനോട് എട്ടു വിക്കറ്റിന് തോറ്റു ലയണ്‍സ്. 40 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറും പറത്തി 69 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ പ്രകടനമാണ് ദല്‍ഹിയെ ജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: ഗുജറാത്ത് ലയണ്‍സ് – 149/7 (20), ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 150/2 (17.2).


മക്കല്ലം, സ്മിത്ത്, ഫിഞ്ച് തുടങ്ങിയ മുന്‍നിരക്കാര്‍ക്ക് മികച്ച രീതിയില്‍ ബാറ്റേന്താനാകാത്തത് ഗുജറാത്തിനു തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ദിനേശ് കാര്‍ത്തിക്കിന്റെ അര്‍ധശതകത്തിന്റെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തി. 43 പന്തില്‍ അഞ്ച് ഫോറുള്‍പ്പെടെ 53 റണ്‍സെടുത്തു കാര്‍ത്തിക്. രവീന്ദ്ര ജഡേജ (36 നോട്ടൗട്ട്), നായകന്‍ സുരേഷ് റെയ്‌ന (24), ഡ്വെയ്ന്‍ സ്മിത്ത് (15) എന്നിവരും രണ്ടക്കം കണ്ടു. രണ്ടു വിക്കറ്റെടുത്ത സയിദ് നദീം ദല്‍ഹി ബൗളര്‍മാരില്‍ മുന്‍പില്‍. ക്രിസ് മോറിസ്, സഹീര്‍ ഖാന്‍, മുഹമ്മദ് ഷാമി, അമിത് മിശ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.


ഋഷഭും ക്വിന്റണ്‍ ഡി കോക്കും (46) ആദ്യ വിക്കറ്റില്‍ 115 റണ്‍സ് ചേര്‍ത്ത് ദല്‍ഹിക്ക് ആധിപത്യം നല്‍കി. പിന്നീട് സഞ്ജു സാംസണും (19 നോട്ടൗട്ട്), ജെ.പി. ഡുമിനിയും (13 നോട്ടൗട്ട്) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി. ജയത്തോടെ ദല്‍ഹി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴു കളികളില്‍ അഞ്ചു ജയത്തോടെ 10 പോയിന്റായി ദല്‍ഹിക്ക്.



Sharing is Caring