ഗാല്‍വാനില്‍ സൈനികര്‍ ധീരതയും പോരാട്ടവീര്യവും കാട്ടി; വേര്‍പാട് വേദനയുണ്ടാക്കുന്നു: രാജ്‌നാഥ് സിംഗ്


ന്യുഡല്‍ഹി: ഗാല്‍വാന്‍ താഴവരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഗാല്‍വാനില്‍ സൈനികര്‍ ധീരതയും പോരാട്ടവീര്യവും പ്രകടിപ്പിച്ചു. അവരുടെ ധീരതയും ജീവത്യാഗവും രാജ്യം ഒരിക്കലും വിസ്മരിക്കില്ല. അവര്‍ അസാധാരണ ധൈര്യമാണ് പ്രകടിപ്പിച്ചത്. അവരുടെ കുടുംബത്തോടൊപ്പമാണ് താനും. പ്രതിസന്ധിയുടെ ഈ മണിക്കൂറുകളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കും. സൈനികരുടെ ജീവത്യാഗത്തില്‍ അഭിമാനിക്കുന്നു. എന്നാല്‍ അവരുടെ വിയോഗം അതീവ ദുഖകരവും വേദനാജനകവുമാണ്-രാജ്‌നാഥ് സിംഗ് പറഞ്ഞു.


തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 സൈനികരാണ് വീരമൃത്യൂ വരിച്ചത്. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു സൈനികരുടെ നില ഗുരുതരമാണ്. ചൈനയുടെ ഭാഗത്ത് 43 സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 1967നു ശേഷം ഇതാദ്യമായാണ് അതിര്‍ത്തിയില്‍ ജീവനെടുക്കുന്ന സംഘര്‍ഷമുണ്ടാകുന്നത്. ഇതേതുടര്‍ന്ന് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. അതിര്‍ത്തി ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.




Sharing is Caring