ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവര്‍ണ്ണര്‍ നിലവില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നല്‍കുന്നില്ല.വന നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ ചര്‍ച്ചയാകും.
സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ.
സര്‍ക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ഒരു മിനുട്ട് 17 സെക്കന്‍ഡില്‍ ചടങ്ങ് തീര്‍ത്തു. പുതിയ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തുടക്കത്തില്‍ അനുനയ ലൈനിലാണ്.

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് രാജ്ഭവന് അംഗീകരിച്ചു. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാന് ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആര്‍ലേക്കറും വിട്ടുവീഴ്ചക്കില്ല. സെനറ്റ് യോഗങ്ങളിലടക്കം പങ്കെടുക്കാന്‍ ആലോചിക്കുന്നുണ്ട് ഗവര്‍ണ്ണര്‍.
അതേസമയം വി സി നിയമനത്തിനുള്ള യുജിസിയുടെ പുതിയ കരടിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സഭ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കാനിടയുണ്ട്. കേന്ദ്രത്തിനെതിരെ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ ഉറപ്പ്. വനനിയമഭേദഗതി പ്രധാന വിഷയമാകും. ഭേദഗതി ബില്‍ സഭാ സമ്മേളനത്തിലില്ലെങ്കിലും പ്രശ്നം സഭയില്‍ കത്തിപ്പടരും.
രാജിവെച്ചെങ്കിലും അന്‍വറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കില്‍ ചേലക്കര നിലനിര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. പത്തനംതിട്ട പീഡനം, നവീന്‍ ബാബുവിന്റെ മരണം, പെരിയ ഇരട്ടക്കൊല, മാസപ്പടിയിലെ അടക്കം ചര്‍ച്ചയ്ക്ക് വിഷയങ്ങളേറെയാണ്.













