ക്രിസ്റ്റ്യാനോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍


ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് ആദ്യ ജയം. രണ്ടാം മത്സരത്തിനിറങ്ങിയ പോര്‍ച്ചുഗല്‍ ആതിഥേയരായ റഷ്യയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് വീഴ്ത്തി. നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലാണ് പോര്‍ച്ചുഗലിന്റെ വിജയം. നേരത്തെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നു. പോര്‍ച്ചുഗല്‍ ആദ്യ പോരാട്ടത്തില്‍ മെക്‌സിക്കോയുമായി സമനിലയില്‍ പിരിയുകയായിരുന്നു.
ആദ്യ മത്സരത്തില്‍ നിന്ന് വിഭിന്നമായി ആക്രമണത്തിന് പ്രാധാന്യമുള്ള പരമ്പരാഗത ശൈലിയായ 4-4-2 ഫോര്‍മേഷനിലാണ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ ടീമിനെ അണിനിരത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ആന്ദ്രെ സില്‍വയും മുന്നേറ്റത്തിലിറങ്ങി. റഷ്യ 3-6-1 ശൈലിയാണ് കളത്തില്‍ പരീക്ഷിച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമണം പുറത്തെടുത്ത പോര്‍ച്ചുഗലിന് അതിന്റെ ഫലം തുടക്കത്തില്‍ തന്നെ ലഭിച്ചു. കളിയുടെ എട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ ടീമിന് ലീഡ് സമ്മാനിച്ചു. റാഫേല്‍ ഗുരെയ്‌രോയുടെ മനോഹരമായ ഒരു ഡീപ് ക്രോസ് ബോളില്‍ നിന്ന് ഹെഡ്ഡറിലൂടെയാണ് ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്.
എന്നാല്‍ പിന്നീട് പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ റഷ്യ പ്രതിരോധിച്ചെങ്കിലും മറുപടി ഗോള്‍ നേടി മത്സരം സമനിലയില്‍ എത്തിക്കാനോ വിജയിക്കാനോ അവര്‍ക്ക് സാധിച്ചില്ല. രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കാമറൂണ്‍ ആസ്‌ത്രേലിയയുമായും ജര്‍മനി ചിലിയുമായും ഏറ്റുമുട്ടും.




Sharing is Caring