തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ശത്രു പാര്ട്ടിക്കാര് തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ക്ഷമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്പോഴത്തെ നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് അറിയപ്പെടും. 1967ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം കലഹിക്കുന്ന യാദവ കുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ കലാപം പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ക്ക് ലക്ഷ്മണരേഖ വരയ്ക്കണം. ചാനലില്‍വച്ച് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുത്. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്നിന്നും പാര്‍ട്ടി പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. പാര്‍ട്ടി തീരുമാനമെടുത്താല്‍ അതായിരിക്കണം പാര്‍ട്ടി നയമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.













