ന്യൂഡല്‍ഹി : കോവിഡ് ഭീതി കുറയുന്നതോടെ ക്രിക്കറ്റും കളിക്കളത്തിലേക്ക്. ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്ബരയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) സന്നദ്ധത അറിയിച്ചതായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതിനു പിന്നാലെ ഒക്ടോബറില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനും സാധ്യത തെളിയുന്നുണ്ട്. മണ്‍സൂണ്‍ (ജൂണ്‍-സെപ്റ്റംബര്‍) കഴിയുന്നതോടെ ക്രിക്കറ്റ് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷ ബിസിസിഐ സിഇഒ: രാഹുല്‍ ജോഹ്റി പങ്കുവച്ചു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ സന്നദ്ധത അറിയിച്ച കാര്യം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ (സിഎസ്എ) ആക്ടിങ് ചീഫ് എക്സിക്യുട്ടീവ് ജാക്വസ് ഫോള്‍ ആണ് അറിയിച്ചത്. മൂന്നു ട്വന്റി20 മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബര ഓഗസ്റ്റ് അവസാനമായിരിക്കുമെന്ന് ഫോള്‍ വെളിപ്പെടുത്തി. കോവിഡിനു മുന്‍പേ ഇരുരാജ്യങ്ങളും തീരുമാനിച്ച പരമ്ബരയാണിത്. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ അനുവദിക്കുന്ന പക്ഷം പരമ്ബര യാഥാര്‍ഥ്യമാകും. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരുമായി സംസാരിച്ചു കഴിഞ്ഞതായും ഫോള്‍ പറഞ്ഞു.

ഐപിഎല്ലിന്റെ 13-ാം പതിപ്പ് നടത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ പിന്തുണ കൂടി ലക്ഷ്യമിട്ടാണ് ബിസിസിഐ പരമ്ബരയ്ക്കു സമ്മതിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് റദ്ദാക്കിയാല്‍ ആ കാലയളവിലാകും (ഒക്ടോബര്‍-നവംബര്‍) ഐപിഎല്‍ നടക്കുക. കഴിഞ്ഞ ദിവസം ഒരു വെബിനാറില്‍ സംസാരിക്കവെയാണ് ബിസിസിഐ സിഇഒ: രാഹുല്‍ ജോഹ്റി ഐപിഎല്ലിനെക്കുറിച്ച് മനസ്സു തുറന്നത്.
‘ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കളിക്കാര്‍ ഒന്നിച്ചു കളിക്കുന്നു എന്നതാണ് ഐപിഎല്ലിന്റെ ആകര്‍ഷണം. ഇപ്പോള്‍ വെല്ലുവിളിയും അതു തന്നെ. അതു കൊണ്ടു തന്നെ കുറേ കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. എങ്കിലും മണ്‍സൂണ്‍ കഴിയുമ്ബോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് ഞങ്ങളുടെ ശുഭാപ്തി വിശ്വാസം.’- ജോഹ്റി പറഞ്ഞു.













