ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ ഇന്ത്യ അവസരമായി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാണിജ്യ ഖനനത്തിനായുള്ള കൽക്കരി ഖനികളുടെ ലേലത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് ലേലം ആരംഭിച്ചത്. 41 കൽക്കരി ഖനികളാണ് ലേലം ചെയ്യുന്നത്.
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ മറി കടക്കാനായി സർക്കാർ വിഭാവനം ചെയ്ത ആത്മ നിർഭർ ഭാരത് നടപടികളുടെ ഭാഗമായാണ് കൽക്കരി ഖനികൾ ലേലം ചെയ്യുന്നത്.

ഇന്ത്യയെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കാൻ ഉതകുന്നതാണ് ഈ നടപടിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം പ്രതിസന്ധികളെ അവസരമാക്കി മാറ്റും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് സ്വയം പര്യാപ്തത. ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകും. രാജ്യം ഉടൻ കൽക്കരി ഉത്പാദനത്തിൽ മുന്നിലെത്തും. ഈ മേഖലയിൽ ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൽക്കരി ഖനന ലേലത്തിലൂടെ എല്ലാ എല്ലാമേഖലകളെയും സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി
കൽക്കരി ഖനന ലേലം ആരംഭിച്ചതോടെ വ്യവസായങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വാണിജ്യ കൽക്കരി ഖനനത്തിന്റെ വ്യാപനം സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കും, ഇത് ഉയർന്ന ഉൽപാദനത്തിലേക്ക് നയിക്കുകയും ഈ മേഖലയിൽ മത്സരം വർദ്ധിക്കുകയും ചെയ്യും. ഇത് രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.













