കോവിഡിനെ ചൊല്ലിയുള്ള ഭീതി എത്രത്തോളം വലുതെന്ന് കാണിക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. തെരുവില്‍ കഴിഞ്ഞദിവസം മരിച്ചയാളുടെ മൃതദേഹം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനത്തിലാണ് അധികൃതര്‍ കൊണ്ടുപോയത്. മുനിസിപ്പാലിറ്റി അധികൃതരുടേയും പൊലീസുകാരുടേയും മേല്‍നോട്ടത്തിലായിരുന്നു സംഭവം നടന്നത്.
മൂന്ന് മുനിസിപ്പല്‍ ജീവനക്കാര്‍ ചേര്‍ന്ന് തെരുവില്‍ മരിച്ചുകിടക്കുന്നയാളെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വണ്ടിയിലേക്ക് കയറ്റുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് നോക്കിക്കൊണ്ട് അടുത്തുതന്നെ പൊലീസുകാരും നില്‍ക്കുന്നുണ്ട്. യു.പി തലസ്ഥാനമായ ലക്‌നൗവിന് 160 കിലോമീറ്റര്‍ ദൂരത്തുള്ള ബല്‍റാംപൂര്‍ ജില്ലയിലാണ് മനസാക്ഷി മരവിക്കുന്ന സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നാല് പൊലീസുകാരേയും നാല് മുനിസിപ്പല്‍ ജീവനക്കാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഒരു ആംബുലന്‍സും സമീപത്ത് നില്‍ക്കുന്നതായി വീഡിയോയിലുണ്ട്. എന്നാല്‍ ആംബുലന്‍സ് ജീവനക്കാര്‍ തെരുവില്‍ മരിച്ചയാള്‍ക്ക് കോവിഡുണ്ടെന്ന് പേടിച്ച് തൊടാന്‍ പോലും തയ്യാറായില്ല. തുടര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കുന്ന വണ്ടിയില്‍ മൃതദേഹം മാറ്റിയത്.
42കാരനായ മുഹമ്മദ് അന്‍വര്‍ എന്ന ബല്‍റാംപൂര്‍ സ്വദേശിയാണ് മരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഒരു പ്രാദേശിക സര്‍ക്കാര്‍ ഓഫീസിന് സമീപത്ത് തെരുവില്‍ മരിച്ചു കിടന്ന ഇയാളുടെ അരികില്‍ ഒരു കുപ്പിവെള്ളവുമുണ്ടായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. കോവിഡ് ആണ് മരണകാരണമെങ്കില്‍ പോലും പി.പി.ഇ കിറ്റ് ധരിച്ച് മാനുഷിക പരിഗണനയില്‍ മൃതദേഹം കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന് ബല്‍റാംപൂര്‍ പൊലീസ് മേധാവി പിന്നീട് പ്രതികരിച്ചു.













