കോഴിക്കോട്: റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ കെട്ടിട നിര്‍മാണം ആരംഭിച്ച സ്ഥലത്തു മണ്ണിടിച്ചില്‍. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേനയും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശികളായ രാജേഷ്, ദീപക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ ഒരാളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലും ഒരാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബേസ് ലൈന്‍ കണ്‍സ്ട്രക്ഷന്‍ നിര്‍മാണം നടത്തുന്ന മൂന്നു നിലകെട്ടിടത്തിന്റെ പണിക്കിടെയാണ് അപകടമുണ്ടായത്. ഇവിടെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ ഇതിനുള്ളില്പെടുകയായിരുന്നു.

കളക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന് ജോസഫ് എന്നിവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കളക്ടറുടെ ചേംബറില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.













