കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 24 പേർ ക്വാറന്റീനിൽ. ഏഴ് ഡോക്ടർമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിൽ പോയത്. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.ഡോക്ടർമാർക്ക് പുറമേ പതിനാറ് സീനിയർ നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരും നിരീക്ഷണത്തിൽ പോയി. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ നഴ്‌സിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയ രണ്ട് പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരോഗ്യ വകുപ്പ് അധികൃതർ ആരംഭിച്ചു.
വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടത്തിയ ആന്‍റിജെന്‍ ടെസ്റ്റ് പോസിറ്റീവായ 17 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 9 പേര്‍ രോഗമുക്തരായി. കോര്‍പ്പറേഷനിലെ 11ആം വാര്‍ഡ് പൂളക്കടവ്, 12ആം വാര്‍ഡ് പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് വണ്ണാര്‍കണ്ടി, 14ആം വാര്‍ഡ് ചെക്കോറ്റ, 12 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൌണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ആന്‍റിജെന്‍ പരിശോധന പൂര്‍ത്തിയായ ഇടങ്ങളിലും കര്‍ശന നിയന്ത്രണം തുടരും.














