കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയെക്കുറിച്ച്‌ പുനരാലോചിക്കും: മായാവതി


ന്യൂഡല്‍ഹി: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ള പിന്തുണയെക്കുറിച്ച്‌ പുനരാലോചിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി പറഞ്ഞു. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന് ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു.


‘രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദിനെതുടര്‍ന്ന് ചുമത്തിയ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വീണ്ടും പുനരാലോചിക്കേണ്ടിവരും. ബി.ജെ.പി സര്‍ക്കാരുകളെപ്പോലെ വാഗ്ദാനങ്ങളല്ല വേണ്ടതെന്നും, പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കണ’മെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.


രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമൂദായിക പരിഗണനയുടെയും പേരിലാണ് അന്ന് പലര്‍ക്കെതിരെയും യു.പിയിലേയും രാജസ്ഥാനിലേയും മദ്ധ്യപ്രദേശിലേയും ബി.ജെ.പി സര്‍ക്കാരുകള്‍ കുറ്റം ചുമത്തിയത്. ഇപ്പോള്‍ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് ആണ് അധികാരത്തില്‍. അതുകൊണ്ട് ഈ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ബി.എസ്.പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. രാജസ്ഥാനില്‍ ബി.എസ്.പിയ്‌ക്ക് രണ്ട് സീറ്റും മദ്ധ്യപ്രദേശില്‍ ആറ് സീറ്റുമാണുള്ളത്.



Sharing is Caring