ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസിന്‍റെ പ്രത്യയ ശാസ്ത്രമാണ് ശരിയെന്നതാണ് പ്രണബ് ആര്‍.എസ്.എസ് വേദിയില്‍ പറഞ്ഞത്. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള പ്രണബിന്‍റെ രീതിയാണ് അതെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
ആര്‍.എസ്.എസിന്റെ ശിക്ഷ വര്‍ഗ് ക്യാമ്പിന്‍റെ സമാപന ചടങ്ങിലാണ് പ്രണബ് പങ്കെടുത്തത്. ചടങ്ങില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിനെ അദ്ദേഹം വാനോളം പുകഴ്ത്തിയിരുന്നു. ഹെഡ്ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്ഗെവാറിന്‍റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇന്ന് ഇവിടെ എത്തിയതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്‍റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പ്രണബ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്. ബഹുസ്വരതയില്‍ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രണബിന്‍റെ നടപടി ചൊടിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചിരുന്നു. പ്രണബില്‍നിന്ന് ഇൗ നടപടി പ്രതീക്ഷിച്ചതല്ലെന്ന് മുതിര്‍ന്ന നേതാവ് അഹമ്മദ് പേട്ടലും പറഞ്ഞു.എന്നാല്‍ വാര്‍ഷിക പരിപാടിയിലേക്ക് പ്രമുഖ വ്യക്തികളെ ക്ഷണിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് പ്രണബും എത്തിയത് എന്നാണ് ആര്‍.എസ്.എസ് നിലപാട്.













