കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം: ചുക്കാന്‍ പിടിച്ചത് മായാവതി


ലഖ്‌നൗ: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് ബാന്ധവത്തിന് ചുക്കാന്‍ പിടിച്ചത് ബിഎസ്പി നേതാവ് മായാവതിയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സോണിയാ ഗാന്ധി എച്ച്‌.ഡി.ദേവഗൗഡയെ ഫോണില്‍ വിളിച്ചത് മായാവതിയുടെ പ്രേരണയാലാണെന്ന് ബിഎസ്പി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപവത്കരണം എന്നതിനുമപ്പുറം ദേശീയതലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തിന് ശക്തി പകരുക എന്ന ലക്ഷ്യമാണ് ജെഡിഎസിനൊപ്പം ചേരാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.


ബിജെപി അധികാരത്തിലേറുന്നത് എങ്ങനെയും തടയണമെന്ന ആവശ്യം ബിഎസ്പി എംപിയായ അശോക് സിദ്ധാര്‍ഥ വഴി മായാവതി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ അറിയിച്ചിരുന്നു. അദ്ദേഹമാണ് സോണിയാ ഗാന്ധിയെ വിളിച്ച്‌ ഇക്കാര്യം സംസാരിച്ചത്. ദേവഗൗഡയെ വിളിച്ച്‌ മായാവതിയും കാര്യങ്ങള്‍ സംസാരിച്ചു. ഇതിനെത്തുടര്‍ന്നാണ് നാടകീയമായ വഴിത്തിരിവിന് കളമൊരുക്കി സോണിയാ ഗാന്ധി ദേവഗൗഡയെ വിളിച്ച്‌ സംസാരിച്ചതും മുഖ്യമന്ത്രിസ്ഥാനം കുമാരസ്വാമിക്ക് വാഗ്ദാനം ചെയ്തതും.


ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്ന ബിഎസ്പി 20 സീറ്റുകളില്‍ ഇക്കുറി മത്സരിച്ചിരുന്നു. ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തു. ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരെയാണ് ജെഡിഎസിനൊപ്പം ചേര്‍ന്ന് മത്സരിച്ചതെങ്കിലും വര്‍ഗീയ ശക്തി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിനൊപ്പം ചേരാമെന്നാണ് തങ്ങളുടെ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിഎസ്പി പ്രതികരിച്ചിരുന്നു.

ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാലേ 2019ല്‍ ബിജെപിക്ക് ശക്തമായ തിരിച്ചടി നല്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലെത്തിയ കോണ്‍ഗ്രസ് അതുകൊണ്ട് തന്നെയാണ് മായാവതിയുടെ നിര്‍ദേശം സ്വീകരിച്ചതും ജെഡിഎസിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതും. മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ബിജെപിക്ക് അതിനാവില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും ശക്തമായ പ്രതിപക്ഷമായി കര്‍ണാടകയില്‍ തങ്ങളുണ്ടാവുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കര്‍ണാടക മാത്രമല്ല ദേശീയതലത്തിലും ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാലേ ബിജെപിയെ തറപറ്റിക്കാനാവൂ എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.



Sharing is Caring