സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം.ബാപ്പു മുസല്യാര്‍ (65) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍നിന്ന് മലപ്പുറം കാളമ്ബാടി കോട്ടുമല ഇസ്ലാമിക് കോംപ്ലക്സിലെത്തിക്കും. കബറടക്കം ബുധനാഴ്ച രാവിലെ ഒന്‍പതിന് കാളമ്ബാടി ജുമാ മസ്ജിദില്‍. നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുകയായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
മുന്‍കാല പണ്ഡിതന് കോട്ടുമല അബൂബക്കര്‍ മുസല്യാരുടെ മകനാണ്. സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലെ അംഗവും ഫത്വ കമ്മിറ്റി കണ്‍വീനറുമായിരുന്നു.
സുപ്രഭാതം ദിനപത്രത്തിന്റെ പ്രസാധകരായ ഇഖ്റാ പബ്ലിക്കേഷന്‍സിന്റെ ചെയര്‍മാനാണ്. ഫാത്തിമ ഹജ്ജുമ്മയാണ് മാതാവ്. ഭാര്യമാര്‍: പരേതയായ സഫിയ്യ, ആയിശാബി.














