കോടതിയില്‍ പോയാല്‍ ചിത്രയെ ആജീവനാന്തം വിലക്കുമെന്ന ഭീഷണിയുമായി പിടി ഉഷ


കോഴിക്കോട്:പത്രക്കാരുടെയും കോച്ചിന്റെയും വാക്ക് കേട്ട് അസോസിയേഷനെ ചോദ്യം ചെയ്തു വെറുതെ ഭാവി കളയരുതന്ന് ചിത്രയെ ഭീഷണിപ്പെടുത്തി പിടി ഉഷ. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉഷ.
സെലക്ഷന്‍ കമ്മിറ്റിയെ ന്യായീകരിക്കുക മാത്രമല്ല സെലക്ഷന്‍ ലഭിക്കാതിരുന്നതില്‍ കോടതിയെ സമീപിച്ച ചിത്രയുടെ നിലപാടിനെതിരെ ഭാവിയില്‍ തഴയുമെന്ന ഭീഷണിസ്വരവും ഉഷയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിയു ചിത്രയെ ഒഴിവാക്കിയതില്‍ സങ്കടമുണ്ടെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ചിത്രയെ മാറ്റിയ അസോസിയേഷന്‍ നിലപാടിനെ ഉഷ ന്യായീകരിക്കുകയായിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന്‍ മാനദണ്ഡത്തിന് അടുത്തെത്തിയവരെ തിരഞ്ഞെടുത്താല്‍ മതിയന്നത് സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനമായിരുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ താല്‍പര്യമെന്നും പിടി ഉഷ പറഞ്ഞു.താന്‍ സെലക്ഷന്‍ കമ്മറ്റി അംഗമല്ലായിരുന്നെന്നും നിരീക്ഷക എന്ന നിലയിലാണ് കമ്മറ്റിയില്‍ പങ്കെടുത്തതെന്നും ഉഷ വ്യക്തമാക്കി.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് സ്വാഭാവികപ്രവേശനം ലഭിക്കുമെന്ന് ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചിട്ടും കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ സെലക്ഷന്‍ കമ്മിറ്റി പിയു ചിത്രയടക്കം മൂന്ന് സ്വര്‍ണജേതാക്കളെ ഒഴിവാക്കുകയായിരുന്നു.പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് ചിത്രയെ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.


സെലക്ഷന്‍ കമ്മിറ്റിയില്‍ പിടി ഉഷയടക്കം മൂന്ന് മലയാളികളുണ്ടായിട്ടും ചിത്രയ്ക്ക് അവസരം നിഷേധിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പിടി ഉഷ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.ഉഷയെ കൂടാതെ ദേശീയ ടീം കോച്ച് രാധാകൃഷ്ണന്‍ നായര്‍, ഫെഡറേഷന്‍ സെക്രട്ടറി സികെ വല്‍സന്‍ എന്നിവരായിരുന്നു സെലക്ഷന്‍ കമ്മറ്റിയിലെ മറ്റു മലയാളികള്‍.




Sharing is Caring