കൊള്ളയടിച്ച് എണ്ണകമ്പനികള്‍;ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഡീസല്‍ വില ഇന്ന് 19 പൈസയാണ് വര്‍ധിച്ചത്. 77.63 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴ് രൂപ മാത്രമായി ചുരുങ്ങി. എണ്ണകമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണവിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്.


ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16-നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം.


വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സി. അവിടെനിന്നാണ് ഇന്ധനം എത്തിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്.

2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു



Sharing is Caring