രാജ്യം കാത്തിരിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം. അതുകഴിഞ്ഞാല്‍ 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളിലായി ലോകകപ്പിന്റെ കേളികൊട്ടുയരും.
ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും നവി മുംബൈയിലെ ഡി.വൈ. പട്ടീല്‍ സ്‌റ്റേഡിയത്തിലുമാണ് ഉദ്ഘാടന പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടങ്ങള്‍ തീരുന്നതുവരെ ദിവസവും നാല് മത്സരങ്ങള്‍ വീതമാണ് നടക്കുക.
ഡല്‍ഹിയില്‍ വൈകിട്ട് അഞ്ചിന് ആദ്യ പോരാട്ടത്തില്‍ കൊളംബിയ ഘാനയെയും മുംബൈയില്‍ ന്യൂസിലന്‍ഡ് തുര്‍ക്കിയെയും നേരിടും. ഇന്ത്യയുടെ ലോകകപ്പ് അരങ്ങേറ്റവും അന്നുതന്നെയാണ്.
ന്യൂഡല്‍ഹിയില്‍ രാത്രി എട്ടിന് നടക്കുന്ന കളിയില്‍ എതിരാളികള്‍ അമേരിക്കയാണ്. മുംബൈയിലെ രണ്ടാം മത്സരത്തില്‍ പരാഗ്വെ മാലിയുമായി ഏറ്റുമുട്ടും. കൊച്ചിയിലെ മത്സരങ്ങള്‍ ഏഴിന് തുടങ്ങും.
ഗ്രൂപ്പ് ഡി പോരാട്ടങ്ങളാണ്‌കൊച്ചിയുടെ തിരുമുറ്റത്ത് അരങ്ങേറുക. ഈ ലോകകപ്പിന്റെ ഏറ്റവും സൂപ്പര്‍ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയില്‍ വൈകിട്ട് അഞ്ചിന് ബ്രസീലും സ്‌പെയിനും കൊമ്പുകോര്‍ക്കും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് പോരാട്ടങ്ങള്‍.
തത്സമയം ഡി.ഡി
സ്‌പോര്‍ട്‌സിലും
കൊച്ചി: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തിയ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി ദൂരദര്‍ശനും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും. ഡി.ഡി സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. സോണി പിക്‌ചേഴ്‌സ് ആണ് ഇന്ത്യയില്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയത്. സോണിയുമായി സഹകരിച്ചാണ് ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുക.













