കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി


കൊച്ചിയടക്കം രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് ബെയ്സ് മൂവ്‌മെന്റിന്റെ പേരില്‍ സംസ്ഥാന പോലീസിന് ഭീഷണി സന്ദേശം. കൊച്ചി സിറ്റി പോലീസിന് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.


കൊല്ലം, മൈസൂര്‍, ചിറ്റൂര്‍ അടുത്തത് ഏത് എന്ന ചോദ്യത്തോടെയാണ് ഭീഷണി സന്ദേശം എത്തിയത്. ആര്‍മി കേന്ദ്രങ്ങള്‍, കൊച്ചി നാവിക കേന്ദ്രം, സൈനിക സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പാര്‍ലമെന്റ് മന്ദിരം തുടങ്ങിയ ഇടങ്ങളില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി.


പ്രധാനമന്ത്രിയടക്കമുള്ളവരുടെ പേര് വിവരങ്ങള്‍ തങ്ങളുടെ പട്ടികയിലുണ്ടെന്ന് സന്ദേശം സൂചിപ്പിക്കുന്നു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമുണ്ട്. മലപ്പുറം സംഭവത്തിന് തൊട്ടുപിന്നാലെ ലഭിച്ച സന്ദേശം രഹസ്യമായി സൂക്ഷിച്ച പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു.

സന്ദേശം എത്തിയ വാട്സ് ആപ്പ് നമ്പര്‍ വ്യാജ വിലാസത്തിലുള്ളതാണെന്നാണ് സൂചന. ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികളെ സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്.



Sharing is Caring