കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌


കോട്ടയം: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌. പാമ്പാടിയില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായും കോണ്‍ഗ്രസ്‌ നേതാക്കളുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസിലെ കത്തു വിവാദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും യു.ഡി.എഫിലെ പ്രശ്‌നപരിഹാരത്തിനാകും ചര്‍ച്ചയില്‍ മുന്‍ഗണന.


ഡല്‍ഹിയില്‍നിന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ്‌ രാവിലെ സോണിയ ഗാന്ധി നെടുമ്പാശേരിയിലെത്തുക. അവിടെനിന്നു മൂന്നു ഹെലികോപ്‌ടറുകളിലായി സംഘം കോട്ടയത്തേക്കു പുറപ്പെടും.
മുകുള്‍ വാസ്‌നിക്‌, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ എന്നിവര്‍ സോണിയയെ ഹെലികോപ്‌ടറില്‍ അനുഗമിക്കും. യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാമത്തെ ഹെലികോപ്‌ടറിലാണ്‌ എത്തുക.
ഉച്ചയ്‌ക്ക്‌ 12.10നു സോണിയ കോട്ടയം പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടെനിന്നു നേരേ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലേക്കു പോകുന്ന അവര്‍ ചര്‍ച്ചകള്‍ക്കും ഉച്ചഭക്ഷണത്തിനുംശേഷം 2.30നു പാമ്പാടിയിലേക്കു റോഡുമാര്‍ഗം പോകും. ആര്‍.ഐ.ടിയിലെ ഉദ്‌ഘാടന ചടങ്ങിനുശേഷം നാട്ടകം ഗസ്‌റ്റ്‌ ഹൗസിലെത്തുന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ വൈകിട്ട്‌ 5.30നു നെടുമ്പാശേരി വഴി ഡല്‍ഹിക്കു മടങ്ങും.




Sharing is Caring