കേരളത്തില്‍ സിപിഎമ്മിന്‍റെ ‘താലിബാനിസം’- മീനാക്ഷി ലേഖി


കേരളത്തില്‍ സിപിഎമ്മിന്‍റെ ‘താലിബാനിസം’ നടമാടുകയാണെന്ന് ബി.ജെപി എംപി മീനാക്ഷി ലേഖി. തങ്ങളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയെന്നതാണ് കേരളത്തിലെ സിപിഎമ്മിന്റെ രീതി.


ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ഇപ്പോള്‍ ദൈവം കൈവിട്ട നാടായി മാറി. കേരളത്തില്‍ ബിജെപി.-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.


കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ട 14 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരും അവര്‍ ലോക്‌സഭയില്‍ വായിച്ചു. കോണ്‍ഗ്രസ്, സിപിഐ, മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നുണ്ട്.

കണ്ണൂരില്‍ മാത്രം 40 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ‘താലിബാന്‍’ ശൈലിയിലുളള ഈ കൊലപാതകങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ശബ്ദമുയര്‍ത്താത്തതെന്ന് അവര്‍ ചോദിച്ചു. അടുത്തിടെ കൊല്ലപ്പെട്ട രാജേഷിന്റെ ശരീരത്തില്‍ 80-ലധികം വെട്ടുകളേറ്റിരുന്നു.

കഴിഞ്ഞ 17 മാസത്തിനിടെ 17 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടതായി മറ്റൊരു ബിജെപി എംപിയായ പ്രഹ്ലാദ് ജോഷി പറഞ്ഞു. ഈ കൊലപാതകങ്ങള്‍ സിബിഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Sharing is Caring