കേരളത്തില്‍ 5‌3 ദിവസം ട്രോളിങ് നിരോധനം; ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം


കൊച്ചി: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 5‌3 ദിവസം. ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി തുടങ്ങി ജൂലൈ 31ന് അര്‍ധരാത്രി സമാപിക്കും. ഇന്നലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിര്‍ണായക തീരുമാനം. ജൂണ്‍ 14ന് അര്‍ധ രാത്രി തുടങ്ങി ജൂലൈ 31നു സമാപിക്കുന്ന 47 ദിവസത്തെ ട്രോളിങ് നിരോധനമാണു കേരളത്തില്‍ പതിവുള്ളത്.


മറ്റു തീരദേശ സംസ്ഥാനങ്ങളില്‍ 2015 മുതല്‍ നടപ്പാക്കിയ 61 ദിവസ ‌സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം കേരളത്തിലും നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കൊല്ലവും 47 ദിവസം മതിയെന്ന നിലപാടാണു കേരളം തുടക്കത്തില്‍ സ്വീകരിച്ചതെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശം അതേപടി പാലിക്കുന്നതു കണക്കിലെടുത്താണു 53 ദിവസമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.


ഈ വര്‍ഷം ജൂണ്‍ ഏഴിന് അര്‍ധരാത്രി മുതല്‍ നിരോധനം തുടങ്ങാമെന്നു മന്ത്രി നിര്‍ദ്ദേശ‌ിച്ചെങ്കിലും ബോട്ടുടമകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഒന്‍പതിലേക്ക് മാറ്റിയത്. പുറം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ഈ കാലയളവിനുള്ളില്‍ മടങ്ങിയെത്താന്‍ ബുദ്ധിമുട്ടാണെന്ന ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. അടുത്ത കൊല്ലം മുതല്‍ ട്രോളിങ് നിരോധനം 61 ദിവസമായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഒറ്റത്തവണയായി നടപ്പാക്കാതെ രണ്ടു തവണയായി വേണം ഇതെന്നു ബോട്ടുടമകള്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ധാരണയായി.

ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു നിരോധനം ബാധകമല്ലെങ്കിലും ഇവയുടെ കാരിയര്‍ വള്ളങ്ങളെ അനുവദിക്കില്ല. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നു മന്ത്രി വ്യക്തമാക്കി. പരമ്പരാഗത വള്ളങ്ങളും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നുണ്ടെന്നും അവയ്ക്കെതിരേ നടപടി വേണമെന്നും ബോട്ടുടമകള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, തീരദേശ പൊലീസ് ഉദ്യോഗസ്ഥര്‍, ബോട്ടുടമാ സംഘടനകളുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Sharing is Caring