കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. താരങ്ങളുടേതടക്കം പ്രതിഫല തുക കുറക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം.
താരങ്ങളുടെയും പ്രധാന സാങ്കേതികപ്രവര്‍ത്തകരുടേയും പ്രതിഫല തുക കുറക്കണമെന്നാവശ്യപ്പെടുന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം ഇന്നുണ്ടാവും. താരങ്ങള്‍ പ്രതിഫല തുക കുറക്കാതെ സിനിമ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കളുട ആവശ്യം ന്യായമാണെന്ന് ഫെഫ്ക വ്യക്തമാക്കികഴിഞ്ഞു. എന്നാല്‍ ഔദ്യോഗിക പ്രതികരണം വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് താരസംഘടന.

ഓണ്‍ലൈന്‍ റിലീസിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇന്നുണ്ടാവും. ഒടിടി റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്ക് അസോസിയേഷന്‍ കത്തയച്ചിരുന്നു. ഇതിന് ലഭിച്ച മറുപടികള്‍ ചര്‍ച്ച ചെയ്ത് ഒണ്‍ലൈന്‍ റിലീസിങ് സംബന്ധിച്ച അന്തിമ തീരുമാനം യോഗത്തിലുണ്ടാവുമെന്നാണ് സൂചന. 50പേരെ വെച്ച് ഇന്‍ഡോര്‍ ഷൂട്ടിങ്ങ് നടത്താം എന്ന സര്‍ക്കാര്‍ തീരുമാനവും യോഗം ചര്‍ച്ചചെയ്യും. ഔട്ട് ഡൂര്‍ ഷൂട്ടിങ്ങിനു കൂടി അനുമതി ലഭിച്ചാലെ ചിത്രീകരണം തുടങ്ങാന്‍ സാധിക്കൂ എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.













