കേന്ദ്രസര്‍ക്കാരിന്റെ ‘ജന്‍ ഔഷധി’ പദ്ധതി കോട്ടയത്തും


മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജന്‍ ഔഷധി പദ്ധതികള്‍ കോട്ടയം നഗരത്തിന്റെ മൂന്നിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലാ ആശുപത്രി, നാഗമ്പടം ബസ് സ്റ്റാന്‍ഡ,് നാട്ടകം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ ജെന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ലഭിക്കുന്ന വിലയേക്കാള്‍ 50 മുതല്‍ 70 ശതമാനം കുറവില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകളില്‍ ലഭിക്കും.


കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഫാര്‍മയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇരുപതോളം കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ പാലായില്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിച്ചിരുന്നു. ബ്യൂറോ ഓഫ് ഫാര്‍മ പുറത്തിറക്കുന്ന അഞ്ഞൂറോളം മരുന്നുകളാണ് ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകളില്‍ ലഭ്യമാകുന്നത്.


ഇതേ മരുന്നുകള്‍ ബ്രാന്‍ഡ് നാമങ്ങളില്‍ വിപണിയിലെത്തിച്ചാണ് സ്വകാര്യ മരുന്നു കമ്പനികള്‍ ലാഭം കൊയ്യുന്നത്. മരുന്നിന്റെ യഥാര്‍ഥ പേരാണ് ജനറിക് നാമം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ജനറിക് നാമങ്ങളിലാണു ബ്യൂറോ ഓഫ് ഫാര്‍മ മരുന്നുകള്‍ പുറത്തിറക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം മരുന്നു കമ്പനികളുടെ ചൂഷണത്തില്‍നിന്നും രക്ഷപ്പെടാനും ഈ രീതി ഉപകരിക്കും. 653 മരുന്നുകളാണ് ജെന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി വിതരണം ചെയ്യുക. വ്യക്തികള്‍ക്കോ, എന്‍.ജി.ഒ കള്‍ക്കോ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സികള്‍ക്കോ പദ്ധതി ആരംഭിക്കാനാകും. ത്രിതല പഞ്ചായത്ത് ഭരണ സമിതി ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍, 30 ദിവസത്തേക്ക് 361 ഇനം മരുന്നുകള്‍ വായ്പയായും ബ്യൂറോ ഓഫ് ഫാര്‍മ നല്‍കും.

സര്‍ക്കാര്‍ ആശുപത്രിക്കുള്ളിലോ ആശുപത്രി പരിസരത്തോ ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന ഇടങ്ങളില്‍ 120 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാതെ വലുപ്പമുള്ള മുറികളിലാണ് സ്‌റ്റോര്‍ ആരംഭിക്കേണ്ടത്. ജന്‍ ഔഷധിയിലൂടെ പുറമെയുള്ള ഫാര്‍മസികളില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ വന്‍ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്നതിനാല്‍ പദ്ധതി സാധാരണക്കാര്‍ക്ക് ആശ്രയമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.



Sharing is Caring