വര്‍ഗ്ഗീയ കലാപം നടന്ന പശ്ചിമബംഗാളിലെ മാള്‍ഡയില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയക്കാന്‍ തീരുമാനിച്ചു. ബിജെപി പശ്ചിമബംഗാള്‍ നേതൃത്വവും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ബിജെപി പശ്ചിമബംഗാള്‍ നേതൃത്വം രാജ്‌നാഥ്‌സിങിനോട് ആവശ്യപ്പെട്ടു.
ബിജെപി ദേശീയ നേതാക്കളുള്‍പ്പെട്ട പ്രതിനിധിസംഘത്തെ മാള്‍ഡയിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉന്നത തല പ്രതിനിധിസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ബന്ധം, കള്ളനോട്ട് റാക്കറ്റിന്റെ പങ്ക്, രാഷ്ട്രീയ നേതാക്കളുടെ പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രസംഘം അന്വേഷിക്കും. മുസ്ലിം സംഘടനയായ ഇദറ ഇ ഷരീഫിന്റെ ബന്ധവും കേന്ദ്രസംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.














