എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.ആസിഫലിയാകും കോടതിയെ സമീപിക്കുക.
കേസ് റദ്ദാക്കിയ സി.ബി.ഐവിചാരണ കോടതി ഉത്തരവിനെതിരെ ക്രൈം എഡിറ്റര്‍ നന്ദകുമാര്‍, സി.ബി.ഐ, വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാന് എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ അടക്കം ഏതാനും പേര് കക്ഷി ചേര്‍ന്നിരുന്നു. ഈ ഉപഹര്‍ജി പരിഗണിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ സമര്‍പ്പിക്കുന്നത്. ജസ്റ്റീസ് കമാല്‍ പാഷയുടെ ബെഞ്ചില്‍ എത്തുന്ന ഉപഹര്‍ജി ഉച്ചയോടെയാണ് പരിഗണിക്കുന്നത്.
കേസില്‍ പിണറായി വിജയന് അടക്കമുള്ള ഏഴു പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് ശരിയല്ല. തെളിവുകള്‍ പലതും കീഴ്കോടതി പരിഗണിച്ചില്ല. രാജ്യത്തെ പ്രധാന അഴിമതികളിലൊന്നാണ് ലാവലിന്‍ കേസ്. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം വിചാരണകോടതി റദ്ദാക്കിയത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വ്യവസ്ഥകള്‍ ലംഘിച്ചാണ് പിണറായി വിജയന് വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. 24 പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിക്കുന്നത്. പ്രതികളെ കുറ്റവിമുക്തരാക്കാന്‍ വിചാരണ കോടതി ചൂണ്ടിക്കാട്ടിയ എല്ലാ ന്യായങ്ങളും ഹര്‍ജിയില്‍ ഖണ്ഡിക്കും.
2013 ജനുവരിയിലാണ് പിണറായിയെയും മറ്റു പ്രതികളെയും വെറുതെവിട്ടത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ സി.പി.എമ്മിന്റെ കേരള യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കേയാണ് ലാവലിന്‍ വീണ്ടും ചര്‍ച്ചാവിഷയമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു.












